ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
ആദ്യകാലങ്ങളില്‍ 6-7 ദശകങ്ങള്‍ക്കു മുമ്പ് കരിച്ചോറു തിന്നുന്ന തൊഴിലാളികള്‍- (കരിച്ചോറ് എന്നാല്‍ കരിക്കപ്പലില്‍ ജോലി ചെയ്യവേ സമയക്കുറവു മൂലം കൈ കഴുകാതെ ചോറുണ്ണുന്ന അവസ്ഥ) പിന്നീട് ട്രേഡ് യൂണിയനുകള്‍ വഴിയും, ഡോക്ക് ലേബര്‍ ബോര്‍ഡിലെ രജിസ്ട്രേഷനിലൂടെയും സ്ഥിര ശമ്പളക്കാരും മെച്ചപ്പെട്ട ജീവത നിലവാരക്കാരുമായതിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഗ്രാമത്തിനുണ്ടായി. ആദ്യകാലത്ത് ഒരു കയര്‍ തൊഴിലാളി പാരമ്പര്യം തന്നെ ഇവിടെ ഉണ്ടായിരുന്നു. മുക്ക് കയര്‍ ഉപയോഗിച്ച് ചവിട്ടി നെയ്യുന്ന കുടുംബങ്ങളും ഇവിടെ ഉണ്ടായിരുന്നു. വില്യം ഗുഡേക്കര്‍ കമ്പനിയുടെ ഒരു തടുക്കുപായ നെയ്ത്തുശാല ഓഫീസ് പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. അര്‍ക്കതുരുത്ത് എന്നു പറയുന്ന സ്ഥലത്തെ നെയ്ത്തുശാലയിലേക്ക് ഈ ഗ്രാമത്തില്‍ നിന്ന് ധാരാളം തൊഴിലാളികള്‍ നെയ്ത്തു ജോലിക്ക് പോയ്ക്കൊണ്ടിരിക്കുന്നു. കൊച്ചിന്‍ പോര്‍ട്ടില്‍ വിവിധ മേഖലകളിലും വിവിധ കമ്പനികളിലും കൂടാതെ ടാറ്റ, ബര്‍മ്മാഷെല്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ തൊഴില്‍ സ്ഥാപനങ്ങളിലും ഭൂരിപക്ഷവും കീഴ്തസ്തികകളില്‍ ഈ ഗ്രാമത്തില്‍ നിന്നുള്ള വളരെധികം പേര്‍ ജോലി ചെയ്തിരുന്നു. പറമ്പുകളെക്കാള്‍ ഏറെ വിസ്തൃതിയില്‍ പാടങ്ങള്‍ ഉള്ള ഇവിടെ പൊക്കാളി-വിരിപ്പ് കൃഷികള്‍ നടത്തുകയും അതുവഴി കര്‍ഷക തൊഴിലാളികളുടെ സംഘടിത ശക്തി ഉയരുകയും ചെയ്തു. നെല്‍പാടങ്ങളിലെ കൃഷിക്കു പുറമേ പുരയിടങ്ങളും ചിറവരമ്പുകളും അടക്കം മണ്ണില്‍ ഒരിടം പോലും തരിശിടാതെ പച്ചക്കറി കൃഷിയും ഇവര്‍ നടത്തിപോന്നു. നിലത്തെഴുത്തിന്റെ കാലം മുതല്‍ വിദ്യാഭ്യാസം ഉണ്ട്. പുളിത്തറ, കണ്ടത്തറ എന്നിവിടങ്ങളില്‍ നിലത്തെഴുത്തു ക്ളാസ്സുകള്‍ പാവപ്പെട്ടവര്‍ക്കായി നടത്തിയിരുന്നു. ഏലൂര്‍-കളമശ്ശേരി എന്നീ വ്യാവസായിക മേഖലയുമായി അടുത്ത പ്രദേശമാണെങ്കിലും മുളവുകാട് വ്യാവസായികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്നു. എന്നാല്‍ വ്യാവസായികമേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം ആളുകള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി വില്യം ഗുഡേക്കര്‍ സ്ഥാപിച്ചത് പനമ്പുകാട് ഓഫീസ് പറമ്പിലായിരുന്നു. എറണാകുളം പട്ടണത്തോട് ഏറ്റവും അടുത്തായി മുളവുകാട് ദ്വീപ് സ്ഥിതി ചെയ്യുന്നു. വല്ലാര്‍പാടം ദ്വീപിലെ 80%-ഭാഗവും കാര്‍ഷിക പ്രദേശമാണ്. നെല്‍കൃഷി കൂടാതെ തെങ്ങ് കൃഷിയും ഉണ്ട്. രണ്ട് ദ്വീപ് പ്രദേശങ്ങളും പുഴയോര സമതലപ്രദേശങ്ങളാണ് എന്ന് പറയാം. പെരിയാര്‍ നദിയുടെ കൈവഴിയാലും കൊച്ചികായലുമായും ചുറ്റപ്പെട്ടുകിടക്കുന്ന മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രകൃതിരമണീയമായ ഒരു പ്രദേശമാണ്. രണ്ട് ദ്വീപുകളിലും നിരവധി തോടുകളുണ്ട്. വേലിയേറ്റസമയത്ത് പുഴയില്‍ നിന്നും ഓരുവെള്ളം ക്രമാതീതമായി തോടുകളിലൂടെ തള്ളിക്കയറി വീട്ടുമുറ്റം വരെ വെള്ളപ്പൊക്കം ഉണ്ടാകുന്നത് നിത്യസംഭവമാണ്. വര്‍ഷകാലത്ത് ഇവിടുത്തെ വെള്ളപ്പൊക്ക കെടുതി ഭയാനകവുമാണ്. കാലക്രമത്തില്‍ മണ്ണിടിച്ചിലും മറ്റു പ്രകൃതിക്ഷോഭവും മൂലം പല തോടുകളും ഇന്നു മണ്ണു വീണ് മൂടപ്പെട്ടു കഴിഞ്ഞു. കണിയാമ്പുറത്തെ കപ്പത്തോട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു തോടിലൂടെ പണ്ട് കാലത്ത് പത്തേമാരികളും പായ്ക്കപ്പലുകളും കടന്നുവന്നിട്ടുള്ളതായി ചരിത്രരേഖകള്‍ പറയുന്നു. അവിടെ അറ്റകുറ്റ പണികള്‍ക്കായി പത്തേമാരികളും, പായ്ക്കപ്പലുകളും വന്നുപോകുന്ന ഒരു ഡ്രൈഡോക്ക് മുമ്പ് ഉണ്ടായിരുന്നു. പ്രകൃതിരമണീയമായ ഈ ദ്വീപുകള്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണ്. നിത്യേന ഈ ദ്വീപുകളില്‍ വന്നുപോകുന്ന വിനോദസഞ്ചാരികളടക്കമുള്ള സഞ്ചാരികള്‍ എത്ര കണ്ടാലും മതിവരാത്ത ഇവിടത്തെ മാനോഹാരിതയെ എന്നും പ്രകീര്‍ത്തിക്കുന്നു. കാലവര്‍ഷക്കാലത്തെ ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍ മറ്റ് കാലങ്ങളില്‍ പൊതുവേ ശാന്തവും, കായല്‍ക്കാറ്റിന്റെ തലോടലും ഏറ്റുകിടക്കുന്ന ഈ പ്രദേശത്ത് മഞ്ഞുകാലങ്ങളില്‍ - ഏലൂര്‍ വ്യവസായ മേഖലയിലെ വിഷവാതകപ്പുകയും പുകമഞ്ഞും പ്രശ്നമാകാറുണ്ട്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത വല്ലാര്‍പാടം ദ്വീപിന് പടിഞ്ഞാറുവശം കൂടിയും ഏലൂര്‍ ചമ്പക്കര ദേശീയ ജലപാത മുളവുകാട് ദ്വീപിന് കിഴക്കുഭാഗത്തുകൂടിയും കടന്നു പോകുന്നു. 19-ാം ശതകത്തില്‍ പൂര്‍വ്വാര്‍ദ്ധത്തില്‍ കൊച്ചി -എറണാകുളം “ഫെറി സര്‍വ്വീസ്“ എന്ന പേരില്‍ “തീ ബോട്ടുകള്‍” എന്നറിയപ്പെട്ടിരുന്ന ആവിയന്ത്രം പ്രവര്‍ത്തിപ്പിച്ച് ഓടുന്ന ബോട്ടുകള്‍ ഓടിത്തുടങ്ങി. കാലക്രമത്തില്‍ പോഞ്ഞിക്കരയ്ക്കും ഇപ്രകാരം തീ ബോട്ടുകള്‍ ഓടിയതായി ചരിത്ര രേഖകള്‍ പറയുന്നു. തുടര്‍ന്ന് പ്രൈവറ്റ് ബോട്ടുടമകള്‍ കടത്ത് നടത്തിയിരുന്നു. അതിനുശേഷം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബോട്ടുകള്‍ ഓടിയിരുന്നു. പോഞ്ഞിക്കര എറണാകുളം ബോട്ട് ചങ്ങാടം കെട്ടി ഓടിച്ചിരുന്നു. മുളവുകാട് ദ്വീപില്‍ പോഞ്ഞിക്കര ജെട്ടി, പൊന്നാരിമംഗലത്ത്-പാലക്കടവ് ജെട്ടി, മുളവുകാട് ഭാഗത്ത് പാഷുഞ്ഞികടവ് ജെട്ടി, കുരിശിങ്കല്‍ ഭാഗത്ത് മൂക്കട കടവ് ജെട്ടി എന്നീ 4 ജെട്ടികളാണ് ഉണ്ടായിരുന്നത്.
സാംസ്ക്കാരിക ചരിത്രം
മുളവുകാട് ദ്വീപിലെ സാംസ്കാരിക നായകന്‍മാരുടെ കൂട്ടത്തില്‍ പ്രഥമ ഗണനീയരായിട്ടുള്ളവര്‍ സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന എബ്രഹാം മാടമാക്കല്‍, കേരളത്തിന്റെ സാംസ്ക്കാരിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പോഞ്ഞീക്കര റാഫി, അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും സന്തത സഹചാരിയായിരുന്ന സെബീന റാഫി എന്നിവരാണ്. പോഞ്ഞിക്കര റാഫിയുടെ കലിയുഗം എന്ന നോവലിന് സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സെബീനാ റാഫി ക്രിസ്തീയ സമുദായത്തിന്റെ തനതുകലയായ ചവിട്ടുനാടകത്തെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയും ഇതിന്റെ പുനരുദ്ധാരണത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. മുളവുകാട് ഗ്രാമപഞ്ചായത്തിന് പ്രഗല്‍ഭരായ രാഷ്ട്രീയ നേതാക്കള്‍ക്ക് ജന്മം നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കൊച്ചി നിയമസഭയിലെ ആംഗ്ളോ-ഇന്ത്യന്‍ നോമിനി എം.എല്‍.എ ആയിരുന്ന ഗാസ്പര്‍ ഡിസില്‍വ 1946-ലെ ഭരണഘടനാനിര്‍മ്മാണസഭയില്‍ അംഗമായിരുന്നു. മുമ്പ് ചേരാനല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ടിരുന്ന മുളവുകാട് വല്ലാര്‍പാടം ദ്വീപുകള്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ മാഷിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. മുളവുകാട് ഗ്രാമപഞ്ചായത്തില്‍ ഒരു സാംസ്കാരിക നിലയം സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പനമ്പുകാട് ദ്വീപിലെ ഗ്രാമീണ വായനശാല, മുളവുകാട് ദ്വീപിലെ എബ്രഹാം മാടമാക്കല്‍ മെമ്മോറിയില്‍ ഗ്രന്ഥാലയം, പോഞ്ഞിക്കരയിലെ ഗ്രന്ഥാലയം, ‘രചന’ സാംസ്കാരിക കേന്ദ്രം, മുളവുകാട് വടക്ക് ഭാഗത്തുള്ള എ.കെ.ജി. വായനശാല, മറ്റ് നിരവധി സാംസ്കാരിക സമിതികള്‍ എന്നിവ ഇവിടെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.